Monday, August 9, 2010

ശുദ്ധ കലാകാരന്മാര്‍ ചവറുകളാകുന്നു ( ആക്കുന്നു)








കലയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കുന്നവര്‍ എല്ലാ ദുരിതങ്ങളും ഏറ്റടുക്കേണ്ടി വരും എന്നത് കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു വരുകയാണ്. അവസാനം ഇതാ നമ്മുടെ കോഴിക്കോട് ശാന്താ ദേവി എന്ന അനുഗ്രഹീത കലാകാരിയില്‍ വരെ എത്തി നില്‍ക്കുന്നു. മാതൃഭൂമി പത്രത്തിന്റെ താളുകളില്‍ അവരെ പറ്റിയുള്ള റിപ്പോര്‍ട്ട്‌ കണ്ടു. കോഴിക്കോടുള്ള വീട്ടില്‍ ഒറ്റയ്ക്ക് രോഗത്തോടു മല്ലടിച്ച് കൊണ്ട് കഴിയുന്നു. കസേരയില്‍ നിന്ന് എഴുന്നേറ്റു നടക്കാന്‍ പോലും വയ്യ. മകനും കുടുംബവും ഇവരെ ഒറ്റക്കാക്കി പോയിരിക്കുകയാണ് എന്നാണു അറിയുന്നത്. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ പത്നിക്ക്‌ സംഭവിച്ചിരിക്കുന്ന ഈ ഒരു അവഗണന സഹിക്കാവുന്നതല്ല.

പ്രൊഫഷനല്‍ നാടക രംഗത്ത്‌ തിളങ്ങി നില്‍ക്കുന്ന ഒരു നടിയാണ് ശാന്ത ദേവി. ഉത്സവ പറമ്പുകളിലും , ഓഡിറ്റോറിയങ്ങളിലും സ്റ്റേജുകളില്‍ വിലസിയിരുന്ന ഉജ്വല കഥാപാത്രങ്ങള്‍ പലതും ഓര്‍മ്മയില്‍ വരുന്നുണ്ട്. ഇത് ഭൂമിയാണ്‌, ഖാഫര്‍ ... തുടങ്ങിയവ മറക്കാന്‍ ആവില്ല.. കെ ടി മുഹമ്മദിന്റെ സ്ഥിരം കഥാപാത്രം ആണ് ഇവര്‍. മുസ്ലീം കഥാപാത്രങ്ങള്‍ എത്ര തന്മയത്തത്തോടെ ആണ് ഇവര്‍ അവതരിപ്പിക്കുന്നത്‌. സിനിമകളിലും സ്ഥിതി മറിച്ചല്ല. എത്രയോ നല്ല കഥാപാത്രങ്ങള്‍ .

ബര്‍മയില്‍ നിന്ന് വന്ന ഇസ്ലാം മതം സ്വീകരിച്ച അബ്ദുല്‍ ഖാദര്‍ എന്ന ഗായകന്റെ പത്നിയാണ് ശാന്ത ദേവി. എങ്ങിനെ നീ മറക്കും കുയിലേ എന്ന ഗാനം നമുക്ക് മറക്കാന്‍ പറ്റുമോ? ബാബുരാജ് എന്ന സംഗീത സംവിധായകന്‍ പരിചയപെടുത്തിയ ഈ ഗായകന്‍ കുറച്ചു മലയാളം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഗസലില്‍ ആണ് കൂടുതല്‍ പ്രാവീണ്യം. കോഴിക്കോടിന്റെ ഗാന സന്ധ്യകള്‍ സമ്പുഷ്ടമാക്കിയ ബാബുരാജ് , കോഴിക്കോട് അബ്ദുല്‍ ഖാദര്‍ ടീമിന്റെ ഓര്‍മ്മകള്‍ ചിലര്‍ ഇപ്പോഴും ഓര്‍ത്തെടുക്കുമ്പോള്‍ നമ്മളും പുളകിതരാകുന്നു. മലബാറിന്റെ സൈഗാള്‍ ആയിരുന്നു ഖാദര്‍. അതുകൊണ്ടും കൂടിയാണ് ശാന്ത ദേവി എന്ന കലാകാരിയെ ഇദ്ദേഹത്തിന്റെ വിധവ എന്ന നിലയില്‍ സംരക്ഷിക്കാന്‍ എങ്കിലും ബാധ്യസ്ഥരാണ്.

ശാന്ത ദേവി ഇപ്പോള്‍ കോഴിക്കോട് ഒരു ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആണ്. സുഖം പ്രാപിച്ചു വരുന്നു. വീട് വെക്കാന്‍ നഗരസഭാ മൂന്നു ലക്ഷം രൂപ നീക്കി വെച്ചിരിക്കുന്നുണ്ട്. കൂടുതല്‍ പേര്‍ സഹായിക്കാന്‍ മുന്നോട്ടു വരുന്നുണ്ട്.

കല വെറും കച്ചവടമാക്കുന്ന ഇന്നത്തെ പലരുടെയും ഇടയില്‍ തീര്‍ത്തും വേറിട്ട്‌ നില്‍ക്കുകയാണ് ഈ കലാകാരി.......

ആശുപത്രി കിടക്കയില്‍ വെച്ചു അവര്‍ പത്രലേഖകരോട് പറഞ്ഞു , തന്നെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആക്കിയവരെപറ്റി. " ഓര് കമ്മ്യുണിസ്റ്റ്കാരന്‍ ആണ്". അഭിമാനം കൊണ്ട് അവര്‍ ഇപ്പോഴും ,സന്തോഷത്തോടെ, പുഞ്ചിരിയോടെ നന്ദി പ്രകാശിപ്പിച്ചു. കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ കൂടെ എന്നും നിലയുറപ്പിച്ചിട്ടുള്ള ഇവരെ പോലെയുള്ളവരെ സംരക്ഷിക്കേണ്ട ചുമതല ഈ പ്രസ്ഥാനങ്ങള്‍ക്കുമുണ്ട് എന്നുകൂടി പറഞ്ഞുകൊള്ളട്ടെ....